Kerala
മട്ടന്നൂർ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ മസ്ക്കറ്റ് ഒഴികെയുള്ള വിദേശരാജ്യങ്ങളിലേക്ക് കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാനായില്ല.
ഇതോടെ യാത്രക്കാരും വിമാനത്താവള അധികൃതരും പ്രതിസന്ധിയിലായി. വിമാനങ്ങളുടെ സർവീസുകൾ മുടങ്ങിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് കോടികളുടെ നഷ്ടമാണുണ്ടായത്.
18 ദിവസങ്ങളായി വിദേശ രാജ്യങ്ങളിലേക്കുള്ള നൂറിലേറെ സർവീസുകളാണ് മുടങ്ങിയത്. യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മാസം 28ന് ഉച്ചമുതലാണ് കണ്ണൂരിൽനിന്നു വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തിയത്.
കണ്ണൂരിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങളാണ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നത്. അബുദാബി, ദുബായ്, ഷാർജ, റിയാദ്, മസ്ക്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണു റദ്ദാക്കിയിരുന്നത്.
കഴിഞ്ഞ ദിവസം മുതൽ മസ്ക്കറ്റിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്കാരെയും പ്രതിസന്ധിയിലാക്കി.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒരു ചരക്കു വിമാനം ഉൾപ്പെടെ 12 വിമാനങ്ങൾ ഇന്നലെ മധ്യപൂർവ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു.
കുവൈറ്റിലേക്കാണ് ചരക്കുവിമാനം പോയത്. ജിദ്ദ, ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയിൽനിന്നു വിമാനങ്ങൾ സർവീസ് നടത്തിയത്.
14 വിമാനങ്ങൾ കൊച്ചിയിലേക്കു സർവീസ് നടത്തി.
Kerala
തിരുവനന്തപുരം: ദുബായില്നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വിമാനം അടിയന്തരമായി മസ്കറ്റിലിറക്കി.
തിരുവനന്തപുരം സ്വദേശികളുടെ കുട്ടിക്കാണ് ശാരീരികാസ്വസ്ഥതയുണ്ടായത്. ഇതേത്തുടര്ന്ന് തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്ച്ചെ മൂന്നിന് ഇറങ്ങേണ്ടിയിരുന്ന വിമാനം അഞ്ചുമണിക്കൂര് വൈകിയാണ് എത്തിയത്. വിമാനം മൂന്നുമണിക്ക് എത്തിയശേഷം തിരികെ നാലോടെയാണ് സാധാരണ ദുബായിലേക്ക് തിരികെ പുറപ്പെടുക.
മസ്ക്കറ്റില്നിന്ന് വിമാനം തിരുവനന്തപുരത്തേക്ക് എത്താന് വൈകുമെന്നതിനെത്തുടര്ന്ന് എമിറേറ്റ്സ് വിമാനകമ്പനി അധികൃതര് സെക്യൂരിറ്റി മേഖലയിലുണ്ടായിരുന്ന 330 യാത്രക്കാരെയും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.
വിമാനം രാവിലെ എട്ടോടെ എത്തിയെങ്കിലും ക്യാബിന് ക്രൂവിന്റെ ജോലിസമയം കഴിഞ്ഞതിനെത്തുടര്ന്ന് ദുബായിലേക്കുളള തുടര്യാത്ര റദ്ദാക്കി. ക്യാബിന് ക്രൂവിനെയും വിശ്രമിക്കുന്നതിന് ഹോട്ടലുകളിലേക്ക് മാറ്റി. തുടര്ന്ന് രാത്രി 10.30-ഓടെ വിമാനം 330 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ടുവെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിറേറ്റ് വിമാന കമ്പനി അധികൃതര് അറിയിച്ചു.
NRI
മസ്കറ്റ്: മലയാളിയായ യുവ എൻജിനിയർ മസ്കറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. പിറവം രാമമംഗലം കുന്നത്ത് കൃഷ്ണ കെ. നായർ(44) ആണു മരിച്ചത്. മസ്കറ്റിൽ സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ പത്തു വർഷമായി ജോലിചെയ്തു വരികയായിരുന്നു.
വെള്ളിയാഴ്ച രാവിലെ താമസിക്കുന്നതിനടുത്ത് കടലിൽ കുളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാമമംഗലം കുന്നത്ത് പരേതനായ പി.എൻ. കരുണാകരൻ നായരുടെ (റിട്ട. അസി. എൻജിനിയർ, കെഎസ്ഇബി ബ്രഹ്മപുരം)യുടെയും സതിയുടെയും മകനാണ്.
ഭാര്യ: സ്വപ്ന മോഹൻ കൊമ്മലയിൽ കടയിരുപ്പ് (സീനിയർ ക്ലർക്ക്, താലൂക്ക് ഓഫീസ് മൂവാറ്റുപുഴ). മക്കൾ: രഘുറാം കൃഷ്ണ, പൂർണിമ കൃഷ്ണ (ഇരുവരും കടയിരുപ്പ് സെന്റ് പീറ്റേഴസ് സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ).
മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കും. സംസ്കാരം ഞായറാഴ്ച 2.30 ന് വീട്ടുവളപ്പിൽ.